2016 ജൂൺ 11, ശനിയാഴ്‌ച



                                   പലപ്പോഴായി കുറിച്ചു വച്ച  കുറെ കാര്യങ്ങൾ
                                   വായിക്കാൻ ഇഷ്ടമുള്ളവർക്കായി .
                                   എന്തെങ്കിലും തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ
                                   ദയവായി പ്രതികരിക്കുക .
                                   ആദ്യത്തെ കുറിപ്പ് മനസിനും കണ്ണിനും കുളിർമ്മ
                                   നൽകിയ കുറച്ചു കാഴ്ചകളെ പറ്റിയാവട്ടെ .

ഉഗാണ്ട എൻറെ കണ്ണിലൂടെ

         

           
            "ഉഗാണ്ട " എന്ന് കേൾക്കുമ്പോൾ ശരാശരി ഏതു മലയാളിയുടെ മുഖത്തും ഒരു പ്രത്യേകതരം ഭാവരസം മിന്നിമറയാറു ണ്ട് .അത് നവരസങ്ങളിൽ ഏതുമാകം .ചിലർക്ക് ഒരുതരം ഭയം ,മറ്റചിലർക്ക് പരിഹാസം ,വേറെ ചിലർക്ക് അത്ഭുതം അങ്ങനെ പലതരം പ്രതികരണങ്ങൾ .പത്തുപതിനഞ്ചു വർഷം മുൻപ് ഉഗാണ്ടയിലേക്ക് വരുന്നതിനു മുൻപായി എനിക്കുമുണ്ടായി ഇതുപോലെ പലതരംവികാര  വിചാരങ്ങൾ. 
            സാധാരണ ഒരുമാതിരി എല്ലാ മലയാള ചലച്ചിത്രങ്ങളിലും നമ്മൾ ഉഗാണ്ടയെപറ്റി പ്രതിപാതിക്കുന്നത് കേട്ടിട്ടുണ്ട് .എന്നാൽ എന്താണ് ഉഗാണ്ട എന്ന നാടിനെപറ്റി ഇത്രയേറെ പരാമർശിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?             
          മുംബൈയിൽ സ്ഥിരമായി താമസിച്ചിരുന്ന സമയത്താണ് എന്റെ ഭർത്താവിനു ഉഗാണ്ടയിലേക്ക് ഒരു ജോലി ശരിയാകുന്നത് .ഞാനും ഭർത്താവും ഞങ്ങളുടെ രണ്ടു കുട്ടികളും അടങ്ങുന്ന കൊച്ചു കുടുംബത്തിന് ഒരാളുടെ ശമ്പളം വീട്ടുചിലവ്  കഴിഞ്ഞു മിച്ചം വയ്ക്കാൻ ഒന്നുമില്ലായിരുന്നു .കുട്ടികൾ വളർന്നു വരുന്നു ,ആവശ്യങ്ങൾ കൂടിവരുന്നു ,വിലക്കയറ്റം കൂടുന്നു  ഈ ഒരു അവസ്ഥയിലാണ് ഉഗാണ്ടാൻ അവസരം വന്നു പെടുന്നത് .ആദ്യം ഞങ്ങൾക്കും ഒരു ഭയമാണ് തോന്നിയത് .കാരണം ഉഗാണ്ടയെപറ്റി കേൾക്കുമ്പോൾ സ്വാഭാവികമായും  ഓർമ വരുന്ന ഒരാളുണ്ട് "ഇദി അമിൻ"മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന ഒരു ഭീകരൻ.പഴയ ചരിത്ര പുസ്തകങ്ങളും ഭൂപടവും വിശ്വവിജ്ഞാനകോശവുമെല്ലാം തപ്പിയെടുത്ത് ഉഗാണ്ടയെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു .പശ്ചിമ  ആഫ്രിക്കയിൽ വിക്ടോറിയ തടാകത്തിന്റെ തീരത്ത് കെനിയക്കും ടാൻസാനിയ ക്കും ഇടയ്ക്കുള്ള ഒരു ചെറിയ രാജ്യം  .ഭാരതീയർ വളരെയേറെ അവിടെ ജോലി നോക്കുന്നുണ്ടെന്നും ഒരു ഗുജറാത്തി കുടുംബക്കാരുടെ സ്വന്തം  സ്ഥാപനത്തിൽ ജോലി നോക്കാൻ ആണെ ന്നും അറിഞ്ഞതോടെ ഒന്നു പോയി നോക്കാംഎന്നായി  
              പിന്നീട് ഉഗാണ്ടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായി .ആദ്യം ഭർത്താവ് തനിച്ചാണ് പോയത് .അന്ന് ഇന്നത്തെപോലെ അത്ര എളുപ്പമായിരുന്നില്ല വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങൾ .പത്തുപതിനഞ്ചു ദിവസങ്ങൾ കൂടിയിരിക്കുമ്പോൾ ഒരു കത്ത് വരും ...കുഴപ്പമില്ലാത്ത സ്ഥലം ,കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കെ ഒരു കുറവുള്ളതായി തോന്നിയുള്ളൂ,കാരണം തലസ്ഥാന നഗരിയായ  കമ്പാലയിൽ നിന്നും വളരെ ദൂരെയായിരുന്നു ജോലി കിട്ടിയ സ്ഥലം 'കക്കീര '.അതുകൊണ്ട് കുട്ടികൾക്ക് വേനൽക്കാല അവധി കിട്ടുമ്പോൾ മാത്രം പോയിവരാം എന്ന് തീരുമാനിച്ചു.
              1998ഏപ്രിൽ മാസത്തിലാണ് ആദ്യമായി ഉഗാണ്ടയിലേക്ക് വന്നത്.മുംബൈ യിൽ നിന്നും എത്യോപ്യ യിലെ  അദ്ദിസ് അബാബ യിലേക്ക് ,അവിടെ നിന്നും ഉഗാണ്ടയിലെ എന്റെബ്ബെ യിലേക്ക് .വളരെ ബുദ്ധിമുട്ടായിരുന്നു എനിക്ക് ഈ യാത്ര .കാരണം  വിദേശത്തേക്കുള്ള എന്റെ ആദ്യ യാത്ര ആയിരുന്നു അത് .ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്നും 40 കി മി ദൂരെയാണ് എന്റെബ്ബെ അന്തർ  ദേശീയ വിമാനത്താവളം .അവിടെ നിന്നും റോഡ്‌ മാർഗം കമ്പാല വഴി കക്കീര യിലേക്കുള്ള യാത്ര .കമ്പാല എല്ലാ ആധുനിക സൗകര്യ ങ്ങളുമുള്ള ഒരു വലിയ പട്ടണം.കൂറ്റൻ കെട്ടിടങ്ങൾ മിക്കവാറും ഗവണ്മെന്റ് ഓഫീസുകളും അവിടെയാണ് .

                    പട്ടണത്തിൽ നിന്നും വിട്ടു കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു കേരളത്തിലെ ഏതോ ഒരു ഉൾ ഗ്രാമത്തിലൂടെ സഞ്ചരിക്കുകയാണോ എന്ന് തോന്നിപ്പോയി .റോഡിൻറെ ഇരുവശവും ചെറിയ ചെറിയ വീടുകൾ ,കപ്പ വാഴ,ചേമ്പ് ,മുരിങ്ങ ഇവയെല്ലാം ധാരാളമായി പച്ച പിടിച്ചു നില്ക്കുന്നു
.എനിക്ക് വളരെ അത്ഭുതം തോന്നി. മനസ്സിൽ ഓർത്തു വച്ചിരുന്ന ഒരു  ഉഗാണ്ട ആയിരുന്നില്ല ഇവിടെ എത്തി പെട്ടപ്പോൾ ഞാൻ കണ്ട ഉഗാണ്ട . ദൈവത്തിന്റെ വേറൊരു സ്വന്തം നാടു പോലെ തന്നെ തോന്നി .നമ്മുടെ നാട്ടിൽ നിന്നും ഇത്ര ദൂരെ ഒരിക്കലും  ഇതൊന്നും കാണാൻ പറ്റുമെന്ന് കരുതിയിരുന്നില്ല.
പട്ടണത്തിൽ നിന്നും ഉള്ളിലേക്ക് പോകുംതോറും കാലാവസ്ഥയിലും മാറ്റം തോന്നി .നല്ല തണുത്ത കാറ്റ് ,എന്നാൽ നല്ല സൂര്യപ്രകാശവും ആകപ്പാടെ കണ്ണിനു നല്ല കുളിർമ തോന്നി.

 

1 അഭിപ്രായം: